സുറിയാനി ക്രിസ്ത്യാനികളുടെ കുരിശുവര (Significance of Making the Sign of Cross)
ഏറ്റവും സംക്ഷിപ്തമായ ഒരു പ്രാർത്ഥനാരൂപമാണ് കുരിശുവര. പ്രാർത്ഥിക്കുന്നതിന് 'കുരിശുവരയ്കുക' എന്ന് പഴമക്കാർ പറഞ്ഞിരുന്നു.
ക്രിസ്തുവർഷം 326-ൽ റോമിലെ ഹേലേനി രാജ്ഞി നമ്മുടെ കർത്താവിന്റെ കുരിശു കണ്ടെടുത്തതോടെയാണ് കുരിശിന് സഭയിൽ സ്ഥാനം ലഭിച്ചതെന്ന് പലരും പഠിപ്പിക്കുന്നുണ്ടെങ്കിലും ശ്ലീഹന്മാരുടെ കാലം മുതൽക്കു തന്നെ കർത്താവിന്റെ കുരിശിനെ ആദരിക്കുന്ന രീതി നിലവിലുണ്ടായിരുന്നു.
"എനിക്കോ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുത്........" (ഗലാത്യർ 6:14).
"ക്രൂശിൽ തന്റെ പ്രതീക്ഷകളെ സമർപ്പിച്ചിരിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ" (വിശുദ്ധ ബർണബാസിന്റെ ലേഖനം 11:8. ഈ ലേഖനം ഉത്തരകാനോനിക വിഭാഗത്തിൽപ്പെടുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ ശിഷ്യനാണ് വിശുദ്ധ ബർണബാസ്). വിശുദ്ധ പൗലോസ് ശ്ലീഹായുടെ തന്നെ ശിഷ്യനായ റോമിലെ വിശുദ്ധ ക്ലമന്റ് (ക്രിസ്തുവർഷം 88 മുതൽ 99 വരെ റോമിലെ ബിഷപ്) ക്രോഡീകരിച്ചു എന്നു കരുതപ്പെടുന്ന 'അപ്പോസ്തോലിക കാനോനുകൾ' എന്ന പുസ്തകം (Irah Chase, The Work Claiming To Be The Constitution Of The Holy Apostles Including The Canons, D. Appleton & Company, Philadelphia, 1847. Page 91) വിശുദ്ധ മാമോദീസായെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗത്തു പറയുന്നു: "വെള്ളം (കർത്താവിന്റെ) കബറടക്കത്തേയും വിശുദ്ധ തൈലം പരിശുദ്ധാത്മാവിനേയും മുദ്രയിടൽ 'കുരിശി'നേയും ലേപനം സ്ഥിരീകരണത്തേയും....... കാണിക്കുന്നു.
പല ക്രിസ്ത്യൻ സഭകളും വിശുദ്ധനായി അംഗീകരിക്കുന്ന അലക്സന്ത്ര്യായിലെ വിശുദ്ധ ക്ലമന്റ് (ക്രിസ്തുവർഷം 150-215 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വേദപണ്ഡിതൻ) 'കർത്താവിന്റെ അടയാളം' (τό κυριακόν σημεϊον) എന്നാണ് കുരിശിനെ വിശേഷിപ്പിച്ചിരിക്കുന്നത് (Wikipedians, Christianity: A History, PediaPress GmbH, Boppstrasse 64, Germany, 2011. Page 241).
ക്രിസ്തുവർഷം 201-ൽ എഴുതപ്പെട്ടു എന്നു കരുതപ്പെടുന്ന തെർത്തുല്യൻ എന്ന സഭാപിതാവിന്റെ 'De Corona Militis' (On The Military Garland) എന്ന പുസ്തകത്തിൽ കുരിശുവരയേക്കുറിച്ച് വ്യക്തമായ ചില വിശദീകരങ്ങൾ നൽകുന്നുണ്ട് (Philip Schaff & Allan Menzies, ‘De Corona, Chapter 3’ in Anti-Nicene Fathers Vol. 3, Grand Rapids, Michigan. Page 195).
ആദിമ നൂറ്റാണ്ടു മുതൽ കുരിശിനെ രക്ഷയുടെ അടയാളമായി ക്രിസ്ത്യാനികൾ കണ്ടിരുന്നതായി ഈ പിതാക്കന്മാരെല്ലാം സാക്ഷിക്കുന്നു. ക്രിസ്തുവർഷം 374 മുതൽ 397 വരെ മിലാനിൽ ബിഷപ്പ് ആയിരുന്ന വിശുദ്ധ അംബ്രോസ് കർത്താവിന്റെ കുരിശു കണ്ടെടുത്തതിനേക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്: "അവൾ (ഹേലേനി രാജ്ഞി) ആരാധിച്ചത് ആ മരത്തെയല്ല; ആ മരത്തിന്മേൽ തൂക്കപ്പെട്ട രാജാവിനെയാണ്. മരണമില്ലായ്മ എന്ന ഉറപ്പിന്മേൽ (guarantee of immortality) തൊടുവാനുള്ള ആത്മാർത്ഥമായ ആഗ്രഹംകൊണ്ട് അവൾ പുളകിതയായി" (Judith Couchman, The Mystery of The Cross: Bringing Ancient Christian Images to Life, IVP Books, Illinois, 2009. Page 101). 'മരണമില്ലായ്മ എന്ന ഉറപ്പാ'യാണ് അദ്ദേഹം കുരിശിനെ കാണുന്നത് .
കൈവിരലുകൾ പിടിക്കുന്ന വിധം.
വലതുകൈയുടെ തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവ ചൂണ്ടുവിരൽ അല്പം മുന്നോട്ടു തള്ളി ഒരു പൂമൊട്ടിന്റെ ആകൃതിയിൽ ചേർത്തുപിടിക്കണം. മോതിരവിരലും ചെറുവിരലും ഒന്നിച്ചു ചേർത്ത് ഉള്ളംകൈയിലേക്ക് മടക്കി വയ്ക്കണം.
തള്ളവിരൽ പരിശുദ്ധ ത്രിത്വത്തിലെ പിതാവിനേയും, ചൂണ്ടുവിരൽ പുത്രനേയും, നടുവിരൽ പരിശുദ്ധ റൂഹായേയും സൂചിപ്പിക്കുന്നു. പൂമൊട്ടിന്റെ ആകൃതിയിൽ ഒന്നിച്ചു ചേർത്തുപിടിച്ചിരിക്കുന്ന ഈ വിരലുകൾ ഒരിക്കലും വേർപെടാത്ത പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുന്നു. വിരലുകൾ ഒന്നിച്ചു ചേർത്തു പിടിക്കുന്നില്ലെങ്കിൽ ഐക്യമില്ലാത്ത ത്രിത്വം എന്നാണർത്ഥമാക്കേണ്ടത്. അതുകൊണ്ടുതന്നെ കുരിശുവരയ്ക്കുമ്പോൾ ഈ മൂന്നു വിരലുകൾ ഒരിക്കലും വേർപെട്ടു നിൽക്കുവാൻ പാടില്ല. പുത്രൻ തമ്പുരാൻ ഏകരക്ഷിതാവ് (അപ്പോസ്തോല പ്രവൃത്തികൾ 4:12) എന്ന അർത്ഥത്തിലാണ് ചൂണ്ടുവിരൽ അല്പം മുന്നോട്ട് തള്ളിപ്പിടിച്ചിരിക്കുന്നത്. ഒന്നായി ചേർത്തുപിടിച്ചിരിക്കുന്ന മോതിരവിരൽ, ചെറുവിരൽ എന്നിവ ഒരിക്കലും പിരിയാത്ത വിധം ഒന്നായിച്ചേർന്നിരിക്കുന്ന (hypostatically united) നമ്മുടെ കർത്താവിന്റെ ദൈവത്വത്തേയും മനുഷ്യത്വത്തേയും സൂചിപ്പിക്കുന്നു.
മൂന്നു വിരൽ ചേർത്തുപിടിച്ചുള്ള കുരിശുവര എന്നുണ്ടായി എന്നു കൃത്യമായി പറയാൻ കഴിയില്ല. എങ്കിലും നാലാം നൂറ്റാണ്ടിനിൽ ജീവിച്ചിരുന്ന കേസറിയായിലെ വിശുദ്ധ ബസേലിയോസിന്റെ (Basil the Great, AD 330-379) കാലത്ത് ഈ രീതി നിലവിലുണ്ടായിരുന്നു എന്ന് വേണം കരുതാൻ. ‘92 കാനോനുകൾ’ എന്ന അദ്ദേഹത്തിന്റെ എഴുത്തുകളുടെ വ്യാഖ്യാനത്തിൽ അക്കാലത്ത് മൂന്നു വിരലുകൾ ചേർത്തുപിടിച്ച് കുരിശുവരച്ചിരുന്നു എന്നു കാണാം .
(Nicodemus the Hagiorite and Agapius the Monk (Authors), Denver Cummings (Translator), “The Canonical Epistles, or, More Expressly, The Ninety Two Canons, of Our Father Among Saints Basil The Great Interpreted” in The Rudder (Pedalion) of the Metaphorical Ship of the One Holy Catholic and Apostolic Church of the Orthodox Christians, or All the Sacred and Divine Canons, 1st edition, Footnote 2, The Orthodox Christian Educational Society, Chicago, 1957. Page 857).
എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒരു വിരൽ മാത്രമുപയോഗിച്ച് സുറിയാനിക്കാർ കുരിശുവരച്ചിരുന്നു എന്നും ചരിത്രത്തിൽ കാണാം. AD 1154 മുതൽ 1171 വരെ അന്ത്യോഖ്യൻ സഭയിൽ മേല്പട്ടക്കാരനായിരുന്ന ദീവന്നാസിയോസ് ബർ സ്ലീബി പറയുന്നു: "ഇതിൽ നിന്നും നമ്മൾ പഠിക്കേണ്ടതെന്തെന്നാൽ, ഒരാൾ സ്വശരീരത്തിന്മേലായാലും വിശുദ്ധ വസ്തുക്കൾ മേലായാലും ഒരു വിരൽകൊണ്ടാണ് കുരിശു വരക്കേണ്ടത്
(A Mingana, “Barsalibi’s Treatise Against the Melchites” in Woodbroke Studies, Christian Documents in Syriac, Arabic and Garshuni, Edited and Translated with a Critical Apparatus, Volume 1, W Heffer & Sons Limited, Cambridge, 1927. Page 21).
മൂന്നു വിരൽ ചേർത്തുപിടിച്ചുള്ള കുരിശുവരയും വ്യാഖ്യാനങ്ങളും പിന്നീടെപ്പോഴോ പരിശുദ്ധ സഭയിൽ തിരിച്ചുവന്നതാവാം. ദൈവശാസ്ത്രപരമായി അതാണ് കൂടുതൽ ശരിയെന്നു വേണം കരുതാൻ. വിശുദ്ധ വസ്തുക്കളിന്മേലോ വിശ്വാസികളുടെമേലോ ഏകവിരൽ ഉപയോഗിച്ചാണല്ലോ ഇപ്പോഴും നമ്മുടെ പുരോഹിതന്മാർ കുരിശുവരക്കുന്നത്.
എങ്ങനെ കുരിശുവരയ്ക്കണം?
പൂമൊട്ടിന്റെ ആകൃതിയിൽ ചേർത്തുപിടിച്ചിരിക്കുന്ന മൂന്നു വിരലുകളുംകൊണ്ട് ആദ്യം നെറ്റിയിലും രണ്ടാമതായി നെഞ്ചത്തും അടുത്തതായി ഇടത്തേത്തോളിലും അവസാനമായി വലത്തേത്തോളിലും തൊട്ട് കുരിശുവരയ്ക്കണം. ലോകത്തിലുള്ള വിവിധ ക്രിസ്ത്യൻ സഭകൾ വിഭിന്നങ്ങളായ രീതിയിൽ കുരിശു വരയ്ക്കുകയും അതിന് പലവിധ അർത്ഥങ്ങളും കല്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുരിശുവരയുടെ ഓർത്തഡോൿസ് വ്യാഖ്യാനം ഇങ്ങനെയാണ്:
പുത്രനാം ദൈവം മനുഷ്യരക്ഷയ്ക്കായി സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നതിനെ [യോഹന്നാൻ 3:13, 6:38] അനുസ്മരിച്ച് നെറ്റിയിൽ നിന്ന് നെഞ്ചിലേക്കും ഇടത്തേതിന്റെ, അതായത് ദൈവത്തെ അനുസരിക്കാതെ സാത്താനെ അനുസരിച്ചതുവഴി അവന്റെ, മക്കളായിപ്പോയ [ഉല്പത്തി 3:1-6] മനുഷ്യവർഗ്ഗത്തെ വലത്തേതിന്റെ, അതായത് ദൈവത്തിന്റെ, മക്കളാക്കിത്തീർത്തതിനെ [1യോഹന്നാൻ 3:8, എബ്രായർ 2:14-15] അനുസ്മരിച്ച് ഇടത്തേത്തോളിൽ നിന്ന് വലത്തേ തോളിലേയ്ക്കും കുരിശുവരയ്ക്കുന്നു. കുരിശുവര ഇവിടെ അവസാനിച്ചു. പിന്നീട് കൈ ചുംബിക്കുകയോ ശരീരത്തിൽ അവിടവിടെ കുത്തുകയോ തൊടുകയോ ഒന്നും ചെയ്യുന്നില്ല. വലത്തേ തോളിൽ കൈ സ്പർശിക്കുന്നതോടുകൂടി രക്ഷാകരപ്രവൃത്തിയുടെ പൂർത്തീകരണത്തിന്റെ സൂചനയായി. അതുമായി ബന്ധപ്പെട്ട് പിന്നീടുള്ള ഏതൊരു ചലനവും പ്രവൃത്തിയും കുരിശുവരയുടെ അർത്ഥാശയങ്ങളെ വികലമാക്കിത്തീർക്കാനേ ഉപകരിക്കൂ.
വലിയവെള്ളിയാഴ്ച സ്ലീബാവന്ദനവിന്റെ ക്രമത്തിൽ, കുരിശിനെ 'സമാധാനത്തിന്റെ ലക്ഷ്യവും വിജയത്തിന്റെ പതാകയും രക്ഷയുടെ ആയുധവു'മായിട്ട് പരിശുദ്ധ സഭ കാണുന്നു. {മലങ്കര മല്പാൻ കോനാട്ട് അബ്രഹാം കത്തനാർ (പരിഭാഷകൻ), ആണ്ടുതക്സാ, മലങ്കര ഓർത്തഡോൿസ് സുറിയാനി ക്രിസ്ത്യാനികളുടെ പെരുന്നാൾ ശുശ്രൂഷക്രമം, MOC പബ്ലിക്കേഷൻസ്, കോട്ടയം, 2008. പേജ് 422}. കുരിശടയാളം 'ആകൽക്കറുസ്സായുടെ (സാത്താന്റെ) വശീകരണ തന്ത്രങ്ങളിൽ നിന്നും ദുഷ്ടമനുഷ്യരുടെ ദുഷ്ടതകളിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കു'ന്നു {ടി പുസ്തകം. പേജ് 425-426}. ഒരു വിശ്വാസി കുരിശടയാളം വരയ്ക്കുമ്പോൾ എത്രമാത്രം ശ്രദ്ധാലുവായിരിക്കണമെന്ന് ഈ പ്രാർത്ഥനാഭാഗങ്ങൾ വ്യക്തമാക്കുന്നു.
വിവിധതരം കുരിശുവരകൾ.
തള്ളവിരൽകൊണ്ട് (ഏകദൈവം എന്ന സൂചന) നെറ്റിയിലും മറ്റുശരീരഭാഗങ്ങളിലും കുരിശടയാളം വരയ്ക്കുന്നവരും ചൂണ്ടുവിരലും തള്ളവിരലും ചേർത്ത് (കർത്താവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും) കുരിശുവരയ്ക്കുന്നവരും അഞ്ചുവിരലും ചേർത്ത് (കർത്താവിന്റെ അഞ്ചു മുറിവുകൾ) കുരിശുവരയ്ക്കുന്നവരുമായ സഭാവിഭാഗങ്ങൾ ലോകത്തുണ്ട് (ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് കുരിശുവരയേയില്ല എന്നതും ഇവിടെ പ്രസ്താവ്യമാണ്). ചിലർ കുരിശുവര കഴിഞ്ഞ് ആ വിരലുകളെ ചുംബിക്കുന്നു. കർത്താവിന്റെ അഞ്ചു മുറിവുകളെ ചുംബിക്കുന്നുവെന്നാണ് സങ്കല്പം. കിഴക്കൻ (ബൈസന്ത്യൻ) ഓർത്തഡോക്സ് സഭാവിഭാഗങ്ങളിൽപ്പെട്ടവർ നെറ്റിയിൽ നിന്ന് ഉദരഭാഗത്തേയ്ക്കും വലത്തേ തോളിൽ നിന്ന് ഇടത്തേ തോളിലേയ്ക്കും കുരിശുവരയ്ക്കുന്നു. കുരിശിന്റെ ലംബഭാഗത്തിന് നീളം കൂടുതലുള്ളതുകൊണ്ടാണ് അവർ ഉദരം വരെ നീട്ടുന്നത്. ലംബഭാഗത്തിനു നീളം കൂടിയ കുരിശും (Latin Cross) രണ്ടുഭാഗങ്ങൾക്കും ഒരേ നീളമുള്ള കുരിശും (Greek Cross) ലോകത്ത് പലയിടത്തും ഉപയോഗിക്കുന്നു എന്നതുകൊണ്ട് ഈ വിശദീകരണത്തിന് വലിയ സാംഗത്യമുണ്ടെന്നു കരുതാനാവില്ല (ഈ രണ്ടാകൃതികൾ കൂടാതെ വിവിധ വകഭേദങ്ങൾ കുരിശിനുണ്ടെന്നുള്ളത് ഇവിടെ വിസ്മരിക്കുന്നില്ല).
പുരോഹിതൻ റൂശ്മാ ചെയ്യുന്ന ആംഗ്യത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ കൈ ചലിക്കുന്നതിനനുസരണമായിട്ടാണ് വലത്തേ തോളിൽ നിന്ന് ഇടത്തേ തോളിലേയ്ക്ക് കുരിശുവരയ്ക്കുന്നത്. ഇതുകൂടാതെ മറ്റുപല വ്യാഖ്യാനങ്ങളും ഇതിനു കല്പിക്കുന്നുമുണ്ട്. പുരാതനകാലങ്ങളിൽ നമ്മുടെ സഭയിലും വലത്തേ തോളിൽ നിന്ന് ഇടത്തേ തോളിലേയ്ക്ക് കുരിശുവരച്ചിരുന്നു എന്നു വിശുദ്ധ ബസേലിയോസ് (Basil the Great) സാക്ഷ്യപ്പെടുത്തുന്നു (Nicodemus the Hagiorite and Agapius the Monk (Authors), Denver Cummings (Translator), The Rudder (Pedalion) of the Metaphorical Ship of the One Holy Catholic and Apostolic Church of the Orthodox Christians, or All the Sacred and Divine Canons, 1st edition, Footnote 2, The Orthodox Christian Educational Society, Chicago, 1957, page 857).
കുരിശുവരയെന്നത് നമ്മുടെ കർത്താവിന്റെ രക്ഷാകര പ്രവൃത്തിയുടെ അനുസ്മരണമാകയാൽ അതിന്റെ ആകൃതിയും രൂപവും നമ്മുടെ വിശ്വാസത്തിനും വ്യാഖ്യാനത്തിനും ചേർന്നവയായിരിക്കണം. ഉദാസീനതയോടെ അത്തരം കാര്യങ്ങൾ ചെയ്യുന്നത് അനുഗ്രത്തേക്കാളേറെ ശാപം വരുത്തിവെക്കുവാൻ ഇടയാകും (യിരെമ്യാവ് 48:10).
ഏറ്റവും സംക്ഷിപ്തമായ ഒരു പ്രാർത്ഥനാരൂപമായി കുരിശുവര പരിഗണിക്കപ്പെടുന്നു. അതിനാൽത്തന്നെ അത് അലക്ഷ്യമായി ചെയ്യുന്നയാൾ കർത്തൃസന്നിധിയിൽ കുറ്റക്കാരനാകുന്നു. അർത്ഥപൂർണ്ണമായ അനുഷ്ഠാനങ്ങളെ അർത്ഥമില്ലാത്ത ആചാരങ്ങളാക്കിത്തീർക്കുന്ന ഏതൊരു പ്രവൃത്തിയും മനുഷ്യരുടെ മുമ്പിൽ ഭോഷത്വവും ദൈവസന്നിധിയിൽ കുറ്റകരവുമാകുന്നുവെന്ന് പ്രത്യേകം ഓർക്കണം.
എപ്പോഴെല്ലാം കുരിശുവരയ്ക്കണം?
ഈ ചോദ്യത്തിനുത്തരം കൃത്യമായി പറയുക പ്രയാസമാണ്. അതിനു പ്രത്യേക മാർഗ്ഗരേഖകളൊന്നുമില്ല എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ വിശുദ്ധ കുർബാന മദ്ധ്യേയും പ്രാർത്ഥനകളിലും സ്ഥാനത്തും അസ്ഥാനത്തും വിശ്വാസികൾ കുരിശുവരയ്ക്കുന്നത് കാണാം. ‘സ്ലീബ’ എന്ന സുറിയാനി-മലയാളം വാക്കുച്ചരിക്കുമ്പോൾ കുരിശുവരയ്ക്കുന്നവർ അതിന്റെ പച്ചമലയാളമായ 'കുരിശ്' എന്ന വാക്കുച്ചരിക്കുമ്പോൾ കുരിശുവരയ്ക്കാറുമില്ല. പണ്ടൊക്കെ പ്രാർത്ഥനാപുസ്തകങ്ങളിൽ കുരിശുവരക്കേണ്ടത് എവിടെയൊക്കെയാണെന്ന് രേഖപ്പെടുത്തുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയൊന്നും കാണുന്നില്ല. കാലക്രമത്തിൽ ഇപ്പോഴുള്ളതും നഷ്ടമായേക്കാം. എങ്കിലും പിതാക്കന്മാരിൽ നിന്നു പകർന്നുകിട്ടിയ അറിവുകളും പാരമ്പര്യങ്ങളും അവർ ശീലിച്ചിരുന്ന രീതികളും അവരുടെ ആചാരാനുഷ്ഠാനങ്ങളുടെ പഠനവും അതിനു സഹായകമാകുമെന്നു കരുതുന്നു; വിശദീകരണം അപൂർണ്ണമാണെങ്കിലും.
"ഓരോ അടി മുന്നോട്ട് നീങ്ങുമ്പോഴും (അതായത് ഏതൊരു കാര്യം ചെയ്യാൻ തുടങ്ങുമ്പോഴും) പുറത്തു പോകുമ്പോഴും അകത്തു വരുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും ചെരുപ്പിടുമ്പോഴും കുളിക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും വിളക്കു തെളിക്കുമ്പോഴും ജീവിതത്തിലെ എല്ലാ സാധാരണ പ്രവൃത്തികൾ ചെയ്യുമ്പോഴും നാം നെറ്റിയിൽ കുരിശുവരയ്ക്കുന്നു" എന്ന് ക്രിസ്തുവർഷം 160-230 കാലഘട്ടത്തിൽ ജീവിച്ചിരുന്ന തെർത്തുല്യൻ എന്ന സഭാപിതാവ് പറയുന്നു {Philip Schaff & Allan Menzies, ‘De Corona, Chapter 3’ in Anti-Nicene Fathers Vol. 3, Grand Rapids, Michigan, page 195}.
ഏതൊരു പ്രാർത്ഥന തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ത്രിത്വനാമം പറയുമ്പോഴും 'കർത്താവേ വാഴ്ത്തണമേ' എന്ന അർത്ഥത്തിൽ 'ബാറെക്മോർ' {ബാറെക്മോർ എന്ന സുറിയാനി പദം ‘കർത്താവേ വാഴ്ത്തണമേ’ എന്നയർത്ഥത്തിലും 'പിതാവേ അനുവദിക്കണമേ' എന്നയർത്ഥത്തിലും ഉപയോഗിക്കുന്നു. പ്രാർത്ഥന തുടങ്ങുന്നതിനും വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതിനും ശുശ്രൂഷക്കാർ പുരോഹിതനോട് അനുവാദം ചോദിക്കുന്നതിനു വേണ്ടിയും പുരോഹിതൻ അടുത്ത നടപടിയിലേയ്ക്ക് കടക്കുവാൻ അപേക്ഷിക്കുന്നതിനു വേണ്ടിയുമാണ് ഈ പദം ആരാധനകളിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ഉദാഹരണത്തിന്, ‘ബാറെക്മോർ, അനുഗ്രഹിക്കുന്നവനായ കർത്താവിന്റെ മുമ്പാകെയും.....’, ‘ബാറെക്മോർ, ദിവ്യജ്ഞാനം ശ്രദ്ധിച്ചുകൊണ്ട്...’, ‘ബാറെക്മോർ, എന്റെ വാത്സല്യമുള്ളവരേ, ജീവനുള്ള പരിശുദ്ധറൂഹാ....’ എന്നിത്യാദി ആഹ്വാനങ്ങളിലും 'ബാറെക്മോർ, ഇന്നും ഈ ആയുഷ്കാലത്തും...', ‘ബാറെക്മോർ, അത്യുന്നതന്റെ മറവിലിരിക്കുന്നവനും….’ തുടങ്ങിയ പ്രാർത്ഥനകളിലും 'പിതാവേ, അനുവദിക്കണമേ' എന്നാണർത്ഥം. എന്നാൽ കുക്കിലിയോനുകളിൽ ‘ബാറെക്മോർ’ ചൊല്ലുന്നത് പുരോഹിതനോട് 'ശുബഹോലാബോ....' പറയുന്നതിനുള്ള അപേക്ഷയാണ്. ഇവിടെയൊന്നും ബാറെക്മോർ പറയുമ്പോൾ കുരിശുവരയില്ല. എന്നാൽ 'ശുബഹോലാബോ....'യിൽ ത്രിത്വനാമം ഉള്ളതിനാൽ കുരിശുവരയ്ക്കുകയും വേണം. പള്ളികളിൽ മണിയടിക്കുമ്പോൾ പറയുന്ന ബാറെക്മോറും വിശുദ്ധ കുർബാന മദ്ധ്യേ അപ്പവീഞ്ഞുകളെ വാഴ്ത്തുമ്പോൾ പറയുന്ന ബാറെക്മോറും 'കർത്താവേ, വാഴ്ത്തണമേ' എന്ന അർത്ഥത്തിലാകയാൽ അപ്പോൾ കുരിശുവരയ്ക്കണം. ചില പള്ളികളിൽ രഹസ്യങ്ങളുടെ ആഘോഷത്തിനു തൊട്ടു മുമ്പുള്ള റൂശ്മാ കഴിയുമ്പോൾ ജനം 'ആമ്മീൻ, ബാറേ....ക്മോർ" എന്നു പറയുന്നത് ശരിയല്ല. ആമ്മീൻ മതി. ബാറെക്മോർ ശുശ്രൂഷക്കാരന്റെ ആഹ്വാനത്തിന്റെ തുടക്കമാണ്. അതുപോലെതന്നെ ഹൂത്തോമ്മോയ്ക്ക് മുമ്പും വിശ്വാസികൾ ബാറെക്മോർ പറയേണ്ടതില്ല, ശുശ്രൂഷക്കാരനാണ് അത് പറയേണ്ടത്; അടുത്ത പ്രാർത്ഥനയിലേക്ക് കടക്കാൻ പുരോഹിതനോട് അപേക്ഷിക്കുന്നതാണത്. വിശുദ്ധ കുർബാനക്രമം ശരിയായി ശ്രദ്ധിച്ചാൽ ഇതൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ. തന്നേക്കാൾ ഉയർന്ന ശ്രേണിയിലുള്ളതോ മുതിർന്നവരോ ആയ പുരോഹിതൻ(ന്മാർ) സന്നിഹിതരല്ലെങ്കിൽ ഒരു പുരോഹിതൻ പ്രാർത്ഥന തുടങ്ങുന്നതിനു മുമ്പ് ബാറെക്മോർ പറയുന്നതും ശരിയല്ല. അദ്ദേഹത്തിന് ആരോടും അനുവാദം ചോദിക്കാനില്ലല്ലോ. ചിലർ 'ബാറയ്കുമോർ' എന്നു ചൊല്ലുന്നത് തെറ്റാണ്; അങ്ങനെയൊരു വാക്കില്ല. സുറിയാനിയിൽ ബാറെക് = വാഴ്ത്തുക, മൊറിയോ = കർത്താവ്; ബാറെക് + മൊറിയോ = ബാറെക്മോർ} പറയുമ്പോഴും നമ്മുടെ കർത്താവിന്റെ കുരിശിനേയോ കുരിശുമരണത്തേയോ പ്രാർത്ഥനകളിൽ സ്മരിക്കുമ്പോഴും പരാമർശിക്കുമ്പോഴും കൗമാ ചൊല്ലുമ്പോഴും പള്ളിയോ കൗദാശികമായി സ്ഥാപിതമായ കുരിശോ കാണുമ്പോഴും വിശുദ്ധ വേദപുസ്തകം ചുംബിക്കുമ്പോഴും പള്ളിയകത്തു പ്രവേശിക്കുമ്പോഴും പള്ളിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും പള്ളിയിൽ നിന്ന് മണിയടി ശബ്ദം കേൾക്കുമ്പോഴും വിശുദ്ധ മദ്ബഹായിൽ പ്രവേശിക്കുമ്പോഴും അവിടെ നിന്ന് ഇറങ്ങുമ്പോഴും വിശുദ്ധ ത്രോണോസും ഏവൻഗേലിയോൻ മേശയും മുത്തുമ്പോഴും പള്ളിയകത്ത് ഒരു വശത്തുനിന്നും മറുവശത്തേയ്ക്ക് വിശുദ്ധ ത്രോണോസിനെ മറികടന്നു പോകുമ്പോഴും നമ്മുടെ നേരേ ധൂപം വീശുമ്പോഴും വിശുദ്ധ കുർബാന മദ്ധ്യേ സമാധാനം കൊടുത്തതിനുശേഷവും അപ്പവീഞ്ഞുകൾ വാഴ്ത്തുമ്പോഴും തിരുശരീരരക്തങ്ങൾ ആഘോഷിക്കുമ്പോഴും അതനുഭവിക്കുമ്പോഴും പുരോഹിതൻ റൂശ്മാ ചെയ്യുമ്പോഴും ത്രിത്വനാമത്തിൽ ആശീർവദിക്കുമ്പോഴും ആത്മീയപിതാക്കന്മാരുടെ കൈ മുത്തുമ്പോഴും വിശുദ്ധ സ്ലീബായെ ചുംബിക്കുമ്പോഴും വീടുകളിൽ നിന്ന് യാത്ര പുറപ്പെടുമ്പോഴും തിരികെയെത്തുമ്പോഴും ഏതൊരു ജോലിയും ആരംഭിക്കുന്നതിനു മുമ്പും പൂർത്തീകരിച്ച ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുമ്പും കഴിച്ച ശേഷവും ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും സാത്താനികശക്തികൾ എതിർപെടുന്നു എന്നു തോന്നുമ്പോഴും തുടങ്ങി അനേക സന്ദർഭങ്ങളിൽ ഒരു വിശ്വാസി കുരിശുവരയ്ക്കേണ്ടതാണ്.
ആധുനികസഭകൾ പറയുന്നതുപോലെ കുരിശുവന്ദനയും കുരിശുവരയും പിന്നീടേതോ കാലത്തുണ്ടായതല്ല. അപ്പോസ്തോലിക കാലത്തുതന്നെ അതു തുടങ്ങിയിരുന്നുവെന്നു വിശുദ്ധ വേദപുസ്തകവും മറ്റു ചരിത്ര പുസ്തകങ്ങളും സാക്ഷിക്കുന്നു. വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും രീതിക്കനുസരിച്ച് രൂപത്തിലും ഭാവത്തിലും ചില മാറ്റങ്ങളുണ്ടായി എന്നു മാത്രം. എങ്കിലും അതിന്റെ അർത്ഥവ്യാപ്തിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല.
A Forwarded message
No comments:
Post a Comment